ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്ന് ഈരാറ്റുപേട്ട നഗരസഭ. കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട ബസ് സ്റ്റാൻഡ് സന്ദർശിച്ച നഗരസഭാ ചെയർമാൻ വി.പി. നാസറിന് മുന്നിൽ യാത്രക്കാരും തൊഴിലാളികളും ഓട്ടോ-ബസ് ജീവനക്കാരും വെള്ളക്കെട്ടും ഗതാഗതതടസവും ഉന്നയിച്ചു.
തുടർന്ന് അസിസ്റ്റന്റ് എൻജിനിയർ എ.എസ്. സുനിത, ഓവർസിയർമാരായ വിമൽ, കൃഷ്ണ എന്നിവരെ ചെയർമാൻ സ്ഥലത്തു വിളിച്ചുവരുത്തി. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട താഴ്ന്ന ഭാഗങ്ങൾ മെറ്റൽ വിരിച്ച് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പൊതുജനങ്ങളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികളാണ് നഗരസഭ സ്വീകരിച്ചുവരുന്നതെന്ന് ചെയർമാൻ പറഞ്ഞു.